കോഴിക്കോട്ട് ചക്കിട്ടപാറയിലെ അനധികൃത ഇരുമ്പയിര് ഖനന പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി പഠിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതിപ്രവര്‍ത്തകരും രാഷ്ട്രീയകക്ഷിനേതാക്കളും ഖനനനീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ഖനനത്തിനുള്ള അനുമതി റദ്ദാക്കാന്‍ വ്യവസായവകുപ്പ് തീരുമാനിച്ചത്. ചക്കിട്ടപാറ വിവാദത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
പാലക്കാട് നടന്ന സി.പി.ഐ.എം പ്ലീനത്തിന്റെ സെമിനാറില്‍ മന്ത്രി കെ.എം മാണി പങ്കെടുത്തതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.