ഇസ്ലാമാബാദ്: ജനാധിപത്യ ഭരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാകിസ്താനില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശനിയാഴ്ച കാലാവധി പൂര്‍ത്തിയാക്കി. പട്ടാള അട്ടിമറികളും രാഷ്ട്രീയ കൊലപാതകങ്ങളും സൃഷ്ടിച്ച ഇടവേളകള്‍ കാരണം രാഷ്ട്ര രൂപീകരണത്തിനു ശേഷം 65 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോളാണ് ഈ നേട്ടം പാകിസ്താന് ജനാധിപത്യത്തിനു കൈവരിക്കാനായത്.
പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഭാവിയില്‍ ജനാധിപത്യത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും പാകിസ്താന് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫ് പറഞ്ഞു. അടുത്ത പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് മെയില്‍ തന്നെ നടക്കുമെന്നും ഇടക്കാല സര്‍ക്കാരിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി സഹ ചെയര്മാന് കൂടിയാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ കൂടി വിജയമാണിതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികക്കില്ലെന്ന വിലയിരുത്തലുകളെയെല്ലാം അതിജീവിക്കാന്‍ സര്‍ദാരിക്ക് കഴിഞ്ഞു. എന്നാല്‍ തനിക്കെതിരായ അഴിമതിക്കേസില്‍ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന യുസഫ് റാസ ഗിലാനിക്ക് സ്ഥാനമൊഴിയേണ്ടി വന്നത് പ്രസിഡന്റിനും പാര്‍ട്ടിക്കും ക്ഷീണമായി.
സെപ്റ്റംബറില്‍ പ്രസിഡന്റ് കാലവാധി തീരുന്ന സര്‍ദാരിക്കും മെയ് പകുതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രധാനമാണ്. പാര്‍ലിമെന്റും പ്രാദേശിക നിയമസഭകളും ചേര്‍ന്നാണ് പാകിസ്താനില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരിഫാണ് അഭിപ്രായ വോട്ടെടുപ്പുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ക്രിക്കറ്റ് മൈതാനത്തു നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ഇമ്രാന് ഖാനും ജന പിന്തുണ വര്‍ധിച്ചിട്ടുണ്ട്. മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാട്ടിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.