Skip to main content
ന്യൂഡല്‍ഹി

സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. വിധി തെറ്റാണെന്നും പ്രസ്തുത വിധിയിന്‍മേല്‍ തിങ്കളാഴ്ച്ചക്കകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി മല്‍ഹോത്ര അറിയിച്ചു. വിധി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി സ്‌റ്റേ അനുവദിക്കുമെന്നുമാണു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. ഇതിന്റെ ഭാഗമായി സി.ബി.ഐ. ഡയറക്‌ടര്‍ രഞ്‌ജിത്‌ സിന്‍ഹ വെള്ളിയാഴ്ച കേന്ദ്രനിയമമന്ത്രാലയവുമായി കൂടിക്കാഴ്‌ച നടത്തി.

 

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2ജി കേസ് വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ. രാജ ഡല്‍ഹി സി.ബി.ഐ കോടതിയില്‍ ഹര്‍ജി നല്‍കി. നിയമവിരുദ്ധ ഏജന്‍സിയുടെ കണ്ടത്തെല്‍ എങ്ങനെയാണ് നിലനില്‍ക്കുകയെന്ന് രാജ ചോദിച്ചു. സിഖ് വിരുദ്ധകലാപക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

സി.ബി.ഐയെ പോലീസ് സേനയായി കരുതാനാകില്ലെന്ന കോടതിവിധി ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പ്രഖ്യാപിച്ചത്.

 

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണെന്നുമാണ് കോടതി പ്രസ്താവിച്ചത്.

 

ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ നവേന്ദ്രകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിവിധി. 2001-ല്‍ നവേന്ദ്രകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് നവേന്ദ്രകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags