Skip to main content

ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധത്തിനു മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യയുടെ അതിര്‍ത്തിയുടെ 11 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഒരു രാത്രി മുഴുവന്‍ പാകിസ്താന്‍ സൈനികരോടൊപ്പം തങ്ങിയിരുന്നതായി മുന്‍ സൈനിക മേധാവി കൂടിയായ മുഷറഫ് വെളിപ്പെടുത്തി. എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

 

അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് താന്‍ തങ്ങിയതെന്നും നിയന്ത്രണരേഖ ലംഘിക്കുന്നത് സൈനിക കാര്യമാണെന്നും മുഷറഫ് പറഞ്ഞു. നിയന്ത്രണരേഖ ലംഘിച്ചല്ലാതെ ഇന്ത്യക്ക് സിയാച്ചിനില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. 1999 മാര്‍ച്ച് 28ന് കാര്‍ഗില്‍ യുദ്ധം തുടങ്ങുന്നതിനു മുമ്പ് അന്ന് സൈനിക മേധാവിയായിരുന്ന മുഷറഫ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നെന്ന് പാക്കിസ്താന്‍ കേണല്‍ അഷ്ഫാഖ് ഹുസൈന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.