Skip to main content
ന്യൂഡല്‍ഹി

ബി.സി.സി.ഐ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട  എൻ.ശ്രീനിവാസന് ചുമതലയേൽക്കാൻ സുപ്രീം കോടതി അനുമതി നൽകി. എന്നാല്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപ്പെടരുതെന്ന് നിർദ്ദേശം നൽകികൊണ്ടാണ് കോടതി ചുമതലയേൽക്കാൻ അനുവദിച്ചത്. ജസ്റ്റിസുമാരായ എ.കെ. പട്നായ്ക്, ജെ.എസ്.കേഹാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. അതോടൊപ്പം ഐ.പി.എല്ലില്‍ നടന്ന ഒത്തുകളിയെക്കുറിച്ചന്വേഷിക്കാന്‍ മൂന്നംഗ സമിതിക്കും കോടതി രൂപം നല്‍കി. ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണു കോടതി വിധി.

 

മുൻ പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകുൽ മുദ്ഗലിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എൽ. നാഗേശ്വര റാവു, അസാം ക്രിക്കറ്റ് അസോസിയേഷൻ അംഗം നിലയ് ദത്ത എന്നിവരാണ് മറ്റ് അംഗങ്ങൾ. ഐ.പി.എൽ വാതുവയ്പിൽ ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പന്റെയും രാജസ്ഥാൻ റോയൽസ് ടീം ഉടമകളുടെയും പങ്കും ഈ സമിതി അന്വേഷിക്കും.

 

പ്രസിഡന്റ് സ്ഥാനമേല്‍ക്കാത്തത് ഭരണം തടസപ്പെടുത്തുന്നുണ്ടെന്നു ബി.സി.സി.ഐ കോടതിയെ ബോധിപ്പിച്ചതിനു പിന്നാലെയാണ് ശ്രീനിവാസനോട് സ്ഥാനമേല്‍ക്കാന്‍ കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ വിജയിച്ചിരുന്നുവെങ്കിലും സ്ഥാനമേല്‍ക്കുന്നത് കോടതി തടഞ്ഞിരിക്കുകയായിരുന്നു.

Tags