സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഉത്തരവില്‍ തല്‍ക്കാലം മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി ഈ മാസം 21-ന് സൂപ്രീംകോടതി വീണ്ടും പരിഗണിക്കും.
എന്നാൽ ഗ്യാസ് സബ്സിഡി ലഭിക്കണമെങ്കിൽ ആധാർകാർഡ് നിർബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്ലെങ്കില്‍ വിപണിയില്‍ നല്‍കുന്ന വിലക്ക് മാത്രമേ സിലിണ്ടര്‍ നല്‍കാനാവു എന്നും സർക്കാർ പറഞ്ഞു. സബ്‌സിഡി വേണ്ടാത്തവർ ആധാര്‍ കാർഡ് എടുക്കണമെന്നില്ല. അവര്‍ക്ക് മുഴുവൻ തുകയും നൽകി പൊതുവിപണിയില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകൾ വാങ്ങാമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
അതിനിടെ ദേശീയ ഐഡന്റഫിക്കേഷന്‍ അതോറിറ്റി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ആധാർ കാർഡിന് നിയമസാധുത നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പരിഗണിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി തീരുമാനം വരാനിരിക്കെയാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.