Skip to main content
ന്യൂഡല്‍ഹി

രണ്ടാം മാറാട് കലാപക്കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച 24 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ മാറാട് മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. വിചാരണക്കോടതി വെറുതേ വിടുകയും പിന്നീട് ഹൈക്കോടതി ജീവപര്യന്ത തടവിനു ശിക്ഷിക്കുകയും ചെയ്ത പ്രതികള്‍ക്കാണ് ഇപ്പോള്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

 

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കര്‍ശന ഉപാധികളോടെ മാത്രമേ ജാമ്യത്തിന് പരിഗണിക്കാവൂ എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. ആറു വര്‍ഷം പ്രതികള്‍ ശിക്ഷ അനുഭവിച്ചത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

ആകെ 148 പ്രതികളുണ്ടായിരുന്ന കേസില്‍ 86 പേരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കി.