തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് അവിടുത്തെ സ്ഥാനാര്‍ത്ഥികളിലൂടെ ശ്രദ്ധേയമാകുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പരീക്ഷണങ്ങള്‍ ഏറിയ പങ്കും നടത്തിയിരിക്കുന്നത് ഈ രണ്ട് ജില്ലകളിലാണ്. വളരെ സമര്‍ത്ഥന്മാരും തീവ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പൊരുതിക്കയറിയവരുമായ യുവാക്കളെയാണ് ഈ രണ്ടിടത്തും യു.ഡി.എഫ് നിര്‍ത്തിയിരിക്കുന്നത്. കയ്പ്പമംഗലത്തിലെ ശോഭാ സുബിന്‍ കുന്നംകുളത്തെ ജയശങ്കര്‍ ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഡോ പി സരിന്‍ തുടങ്ങി വളരെ സുതാര്യമായ പശ്ചാത്തലം ഉള്ളവരും അതേപോലെ പൊതുജന പ്രവര്‍ത്തനരംഗത്ത് സംശുദ്ധി തെളിയിച്ചവരുമായ ഒട്ടേറെ യുവ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പാലക്കാടും തൃശ്ശൂരും ഇറക്കിയിരിക്കുന്നത്.
മറ്റ് ജില്ലകളിലെ അപേക്ഷിച്ച് നോക്കുമ്പോള്‍ പാലക്കാട് തൃശ്ശൂര്‍ ജില്ലകളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളും മികച്ചവര്‍ തന്നെയാണ്. ഇത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വിധിയെ പതിവില്‍ നിന്നും വ്യത്യസ്തമാക്കാന്‍ സാധ്യതയുണ്ട് എന്ന് വേണം കരുതാന്‍. എല്‍.ഡി.എഫ് ഉറച്ചകോട്ടയെന്ന് ഉറപ്പു പറയുന്ന പല മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം മാറി വരാന്‍ ഇത് കാരണമായേക്കും. ഈ സാഹചര്യം എല്‍.ഡി.എഫിന്റെ ഉറച്ചകോട്ടകളായ മണ്ഡലങ്ങളിലെ മല്‍സരത്തെ അതിശക്തമാക്കിയിരിക്കുകയാണ്.