തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാണ്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജ്യത്തെ അനവധി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് അധികാരം നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് കേരളത്തില്‍ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക എന്ന വ്യക്തമായ സന്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളും യുവാക്കളും വനിതകളുമായിരിക്കും. ഇക്കാര്യം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം.
രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെത്തി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഉമ്മന്‍ ചാണ്ടി അധ്യക്ഷനായി പ്രത്യേക സമിതിക്ക് ഹൈക്കമാന്‍ഡ് രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒരു തരത്തിലുള്ള വിവാദങ്ങളും പാടില്ലെന്ന കര്‍ശന മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുകയും കേരളം തിരിച്ചു പിടിക്കുകയും ചെയ്യുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാവ് എ.കെ ആന്റണി വിശദീകരിച്ചു.
എത്രയൊക്കെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ജനങ്ങളുടെ ഇടയില്‍ ഉണ്ടായ സ്വീകാര്യതയെ കുറിച്ച് തര്‍ക്കമൊന്നുമില്ല. അതിന്റെ ഫലം തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. അതിനാല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കി ഭരണത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ നയങ്ങള്‍ കേരളത്തെ തിരിച്ച് പിടിക്കാന്‍ ഉതകുന്നതാണോയെന്നും കേരളം തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസ് ആരെയൊക്കെയാണ് തിരഞ്ഞെടുപ്പില്‍ ഇറക്കുക എന്നും കാത്തിരുന്ന് കാണാം.