Skip to main content
മുംബൈ

ശ്രീലങ്ക കേന്ദ്രീകരിച്ചു ദക്ഷിണേന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനു വേണ്ടി പാകിസ്താന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നതായി മഹാരാഷ്ട്രാ പോലീസിനു വിവരം ലഭിച്ചതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്തു. പാകിസ്താനിലെ തീവ്രവാദി ക്യാമ്പുകളില്‍ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ക്കാണ്  ഇതിനായി പരിശീലനം നല്‍കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കിയത്.

 

ശ്രീലങ്കയിലെ ജാഫ്ന കേന്ദ്രമാക്കിയായിരിക്കും തമിഴ്നാട്ടിലെ മധുരയില്‍ ആക്രമണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഏതാനും മാസങ്ങള്‍ക്കകം തന്നെ ആക്രമണം ഉണ്ടായേക്കുമെന്നും അതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത പാലിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. തീവ്രവാദികളില്‍ നാലു പേര്‍ പഞ്ചാബികളാണെന്നും ബാക്കിയുള്ളവര്‍ കാശ്മീരികളാണെന്നും ടൈംസ്‌ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ലഷ്‌ക്കറിനെ കൂടാതെ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ജയിഷെ മുഹമ്മദ്‌, ജമാഅത് ഉദ് ദവാഅടക്കമുള്ള വേറെയും തീവ്രവാദ സംഘടനകള്‍ അക്രമണത്തില്‍ പങ്കെടുത്തേക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌.

 

ആക്രമണം നടത്തുന്നതിന്റെ മുന്നോടിയായി ശ്രീലങ്കന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് തിരുവനന്തപുരത്തും  മുംബൈയിലും സന്ദര്‍ശനം നടത്തിയ മൂന്നു പാക് പൌരന്മാരെ ഫെബ്രുവരിയില്‍ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.