നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് പി.ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണി രാജി വച്ചത് ഹൈക്കോടതി പരാമര്ശത്തിന്മേല് ആണെങ്കില്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായ സാഹചര്യത്തില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് പ്രതിപക്ഷ ആവശ്യം. മന്ത്രി ശിവന്‍കുട്ടി പനിയായതിനാല്‍ ഇന്ന് സഭയിലെത്തിയില്ല. മുഖ്യമന്ത്രിയാണ് അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കിയത്. ശിവന്‍കുട്ടി രാജിവെക്കേണ്ട നിലപാടിലാണ് ഇടതുമുന്നണിയും സി.പി.എമ്മും. പൊതുമുതല്‍ നശിപ്പിച്ച മന്ത്രി എങ്ങനെയാണ് പദവിയില്‍ തുടരുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യു.ഡി.എഫിന്റെയും തീരുമാനം. സംസ്ഥാന വ്യാപകമായി മണ്ഡലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നാളെ വൈകിട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. കെ.എം മാണിക്കെതിരായ ബാര്‍ക്കോഴ കേസ് ഉയര്‍ത്തി അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ അക്രമം നടത്തിയ കേസിലാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സുപ്രീംകോടതി വിധി വന്നിട്ടുള്ളത്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യു.ഡി.എഫിന്റെ കൂട്ടായ തീരുമാനം. കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള നിയമസഭാ കയ്യാങ്കളി വീണ്ടും ചര്‍ച്ചയാക്കുന്നത് ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടി പ്രതിരോധത്തിലാക്കുമെന്ന ചിന്തയിലാണ് യു.ഡി.എഫ് നേതൃത്വം.