സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ടപതിയുടെ നടപടിക്കെതിരെ രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യസഭാ എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്രി യജ്‌നിക് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇംപീച്ച്‌മെന്റ് പ്രമേയം തളളിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. ചീഫ് ജസ്റ്റിസിനെതിരായി ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷപാര്‍ട്ടികളിലെ 71 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് നല്‍കിയിരുന്നത്. കോണ്‍ഗ്രസ്, എന്‍.സി.പി., സി.പി.ഐ., സി.പി.എം., സമാജ് വാദി പാര്‍ട്ടി (എസ്.പി.), ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.), മുസ്ലിംലീഗ് പാര്‍ട്ടികളിലെ രാജ്യസഭാംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ച് നോട്ടീസില്‍ ഒപ്പിട്ടത്. തുടക്കത്തില്‍ പിന്തുണച്ചിരുന്ന ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. പാര്‍ട്ടികളില്‍പ്പെട്ടവര്‍ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നില്ല.