സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ കോടതിയിലെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി അടുത്ത ദിവസം മുതല്‍ വേനല്‍ അവധിക്ക് പിരിയുകയാണ്. ഇക്കാരണത്താലാണ് ജസ്റ്റിസ് ചെലമേശ്വറിന് കോടതിമുറിയില്‍ ഇന്ന് അവസാന പ്രവൃത്തിദിനമാകുന്നത്.
സി.ബി.ഐ പ്രത്യേക കോടതിയിലെ ജഡ്ജി ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉള്‍പ്പടെ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് കൈമാറുന്നത് സുപ്രീം കോടതി കീഴ് വഴക്കങ്ങള്‍ ലംഘിക്കുന്ന തരത്തിലാണെന്ന് പറഞ്ഞ് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കോടതി വിട്ടിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഈ സംഭവം ഉയര്‍ത്തിവിട്ട വിവാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിലേക്ക് വരെയെത്തുകയുണ്ടായി.
ഒടുവില്‍ ജസ്റ്റിസ് കെ.എം ജോസഫിനെ സുപീം കോടതി ജഡ്ജിയായി നിയമിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തപ്പോള്‍ അതിനെതിരെയും ചെലമേശ്വര്‍ രംഗത്തെത്തിയിരുന്നു.
'കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തുമാസത്തിനും ഇടയ്ക്ക് ഞാന്‍ ആരോടെങ്കിലും അകാരണമായി കോപം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മനപൂര്‍വമല്ല, ആരോടും വ്യക്തിപരമായി ഒരു അകല്‍ച്ചയും ഇല്ല. അത് വേണ്ട മുന്‍കരുതലുകള്‍ ഇല്ലാത്തതുകൊണ്ടും ആ സമയത്തെ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടുമാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു' കോടതി വിടുന്നതിന്റെ തലേന്ന് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീം കോടതിയിലെ സഹ ജഡ്ജിമാരോട് പറഞ്ഞതിങ്ങനെയാണ്.