ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ വിചാരണ കശ്മീരില്‍ നിന്ന് പഠാന്‍കോട്ടിലേക്ക് മാറ്റി. കേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. കേസില്‍ തല്ക്കാലം സി.ബി.ഐ അന്വേഷണം വേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജമ്മുകശ്മീര്‍ സര്‍ക്കാരിന് പഠാന്‍കോട്ടില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാം. ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കണം . കേസില്‍ രഹസ്യ വിചാരണ നടത്തണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ പ്രകാരം വിചാരണ തിങ്കളാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. മകള്‍ക്ക് നീതി ലഭിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.