കര്‍ണാടകയില്‍ ഇന്നലെ വെടിയേറ്റു മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.ചൊവ്വാഴ്ച വൈകുന്നേരം 6.30തോടു കൂടിയാണ് സംഭവം. കാറില്‍ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റതെന്നും ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
കൊലയാളിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും, ഇതിനു വേണ്ടി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യത്താകമാനം ശക്തമായ പ്രതിഷേധമാണുയരുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും ഇന്ന് പ്രതിഷേധ കൂട്ടായ്മകള്‍ നടന്നു.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്.ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഗൗരി ലങ്കേഷിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യപ്പെടുകയും കേസില്‍ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.രണ്ട് വര്‍ഷം മുന്‍പായിരുന്നു കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. കന്നഡ സാഹിത്യകാരനും ചിന്തകനുമായ കല്‍ബുര്‍ഗിയെ അജ്ഞാത സംഘം വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. സംഘപരിവാര്‍ വിമര്‍ശകരായിരുന്ന ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ദാബോല്‍ക്കരുടെയും കൊലപാതകത്തിനു ശേഷമായിരുന്നു കല്‍ബുര്‍ഗിയുടേയും ദാരുണ അന്ത്യം.അതേ പാതയില്‍ തന്നെ സഞ്ചരിച്ച ഗൗരി ലങ്കേഷിനെയും വകവരുത്തിയിരിക്കുന്നു. ലങ്കേഷ് പത്രികയെന്ന വാരിക നടത്തി വരികയായിരുന്നു ഗൗരി ലങ്കേഷ്.