കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം പുതിയ പോര്‍മുഖം തുറക്കുന്നു. ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മാനദണ്ഡം പരിഗണിക്കണമെന്നാവശ്യപ്പെട്ട് പതിനാറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ സമീപിക്കും.
കര്‍ണാടകത്തില്‍ ഇപ്പോഴുള്ളതിനു സമാനമായ സാഹചര്യം ഗോവയില്‍ ഉണ്ടായിരുന്നിട്ടും തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നീക്കം. മാത്രമല്ല, നാളെ സുപ്രീംകോടതി കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ഗോവയും അവിടെ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള ഈ നടപടി.
ആകെ 40 അംഗങ്ങളുള്ള ഗോവയില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളും ബി.ജെ.പിക്ക് 14 അംഗങ്ങളുമാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ബി.ജെ.പിക്കാണ് അന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹ അവസരം നല്‍കിയത്.
കര്‍ണാടകത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം ഗോവയില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ നിലനില്‍പ്പിനെയും ബാധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണിപ്പൂര്‍, മേഘാലയ, ബിഹാര്‍ എന്നിവടങ്ങളിലും സമാന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
തങ്ങള്‍ക്ക് സര്‍ക്കാരുണ്ടാക്കുനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാറില്‍ ആര്.ജെ.ഡിയും രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് നാളെത്തന്നെ ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്.