സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അതേസമയം, ബലാല്‍സംഗ കുറ്റത്തിനുള്ള ഏഴു വർഷം തടവ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ശരിവെച്ചു.
വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി സമര്‍പ്പിച്ച അപ്പീലിലാണ് നിര്‍ണ്ണായക ഉത്തരവ്. കേസില്‍ ഗോവിന്ദച്ചാമിയ്ക്കെതിരെ പ്രോസിക്യൂഷന്‍ മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് നേരത്തെ സുപ്രീം കോടതി വിലയിരുത്തിയിരുന്നു. ഗോവിന്ദച്ചാമി സൗമ്യയെ തീവണ്ടിയില്‍ നിന്ന്‍ തള്ളിയിട്ടെന്ന ആരോപണത്തിന് തെളിവുണ്ടോയെന്ന്‍ കഴിഞ്ഞയാഴ്ച വാദം കേള്‍ക്കവേ ആരാഞ്ഞ കോടതി ഊഹാപോഹങ്ങള്‍ക്ക് കോടതിയില്‍ സ്ഥാനമില്ലെന്ന്‍ പ്രോസിക്യൂഷനോട് വ്യക്തമാക്കിയിരുന്നു.
പ്രതി സൗമ്യയെ തീവണ്ടിയില്‍ നിന്ന്‍ തള്ളി താഴെയിട്ടെന്നതിന് സാഹചര്യ തെളിവുകള്‍ ആണു പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, സൗമ്യ ചാടുന്നതായി കണ്ടെന്ന സാക്ഷിമൊഴി ഇതുമായി ചേര്‍ന്നുപോകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു
ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ തോമസ് പി. ജോസഫാണ് സർക്കാറിനായി ഹാജരായത്.
2011 ഫെബ്രുവരി ഒന്നിന് 23-കാരിയായ സൗമ്യയെ തീവണ്ടിയില്‍ നിന്ന്‍ തള്ളിയിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് അതിവേഗ വിചാരണക്കോടതി വിധിച്ച വധശിക്ഷ 2013-ല്‍ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനു മരിച്ചു.