സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്കെതിരെ പ്രോസിക്യൂഷന്‍ മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സുപ്രീം കോടതി. കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണ്ണായക ചോദ്യം.
ഗോവിന്ദച്ചാമി സൗമ്യയെ തീവണ്ടിയില്‍ നിന്ന്‍ തള്ളിയിട്ടെന്ന ആരോപണത്തിന് തെളിവുണ്ടോയെന്ന്‍ കോടതി ആരാഞ്ഞു. ഊഹാപോഹങ്ങള്‍ക്ക് കോടതിയില്‍ സ്ഥാനമില്ലെന്നും ബഞ്ച് വ്യക്തമാക്കി. കൃത്യം നടത്തിയത് പ്രതി തന്നെയാണെന്ന് പ്രോസിക്യൂഷന്‍ ബോദ്ധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സൗമ്യ ബലാല്‍സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2011 ഫെബ്രുവരി ഒന്നിന് 23-കാരിയായ സൗമ്യയെ തീവണ്ടിയില്‍ നിന്ന്‍ തള്ളിയിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് അതിവേഗ വിചാരണക്കോടതി വിധിച്ച വധശിക്ഷ 2013-ല്‍ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനു മരിച്ചു.