Skip to main content
ന്യൂഡല്‍ഹി

vizhinjam port

 

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ വിലക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 6000 കോടി രൂപയുടെ പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാനും ഹരിത ട്രൈബ്യൂണലിന്റെ ഡല്‍ഹി ബഞ്ചിലേക്ക് മാറ്റാനുമുള്ള തീരുമാനത്തിനെതിരെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡും കേരള സര്‍ക്കാറും സുപ്രീം കോടതിയെ സമീപിച്ചത്.

 

ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ്‌ ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ഹരിത ബഞ്ച് പറഞ്ഞു. എന്നാല്‍, ഏത് ഉത്തരവിനും സ്റ്റേ നല്‍കിയാല്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് എങ്ങനെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സാമ്പത്തിക പുരോഗതിയുടെ പ്രാധാന്യം തങ്ങള്‍ മനസിലാക്കുന്നുവെന്നും എന്നാല്‍, അത് പരിസ്ഥിതിയുമായി ചേര്‍ന്ന് പോകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ഈ രണ്ടിനും പുറമേ രാജ്യത്തിന്‍റെ പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എ.എസ് സിക്രി എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

 

അപ്പീലില്‍ ട്രിബ്യൂണലിനും പരാതിക്കാര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 2011-ലെ തീരദേശ നിയന്ത്രണ ഉത്തരവും പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും വിവിധ നിയമങ്ങള്‍ അനുസരിച്ച് പാസാക്കുന്ന ഉത്തരവുകള്‍ പരിശോധിക്കാനുള്ള ജുഡീഷ്യന്‍ പുന:പരിശോധനാ അധികാരവും ഇതില്‍ ഉള്‍പ്പെടുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ സ്വതന്തര്‍ കുമാര്‍ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ട്രൈബ്യൂണല്‍ സെപ്തംബര്‍ 29-നാണ് കേസ് പരിഗണിക്കുന്നത്.  

Tags