ലൈംഗിക പീഡനക്കേസുകളിൽ വിചാരണനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്ന ചുമതല പൊലീസിന് പകരം മജിസ്‌ട്രേട്ടിനെ ഏൽപ്പിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മൊഴി പോലീസ് രേഖപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തുന്നതാണ്. അല്ലെങ്കില്‍ ഇരയോ സാക്ഷിയോ മൊഴി മാറ്റിപറയുമെന്നും മജീസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കുന്നു.
ഇത് സംബന്ധിച്ച വിഷയത്തില്‍ വിവിധ സംസ്‌ഥാനങ്ങള്‍ക്ക് സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് കേരളം നിലപാട് അറിയിച്ചത്. വിചാരണ വേളയില്‍ ഇരകളും സാക്ഷികളും വ്യാപകമായി മൊഴി മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ പുതിയ നിര്‍ദ്ദേശം. മജിസ്‌ട്രേറ്റിന് നല്‍കുന്ന മൊഴി മുദ്രവച്ച കവറില്‍ സൂക്ഷിക്കണം. വിചാരണ വേളയില്‍ ഇത് തെളിവായി പരിഗണിക്കണമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
മാനഭംഗ കേസുകള്‍ക്കായി രൂപീകരിക്കുന്ന അതിവേഗ കോടതികള്‍ വേഗത്തില്‍ കേസ് പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രനിയമം വേണമെന്നും കേരളം സത്യവാങ്മൂലത്തിൽ പറയുന്നു.