Skip to main content
ന്യൂഡല്‍ഹി

 

വിവരസാങ്കേതിക (ഐ.ടി) നിയമത്തിലെ 66-എ വകുപ്പ് സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കി. ഇന്റര്‍നെറ്റില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് എതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിന് വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പ് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. ജെ. ചെലമേശ്വര്‍, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

 

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയിലെ 19(1)(എ) വകുപ്പിന്റെ ലംഘനമാണ് ഐ.ടി നിയമത്തിലെ 66-എ വകുപ്പെന്നും ഈ സ്വാതന്ത്ര്യത്തിന് നീതിയുക്തമായ നിയന്ത്രണങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ഭരണഘടനയിലെ 19(2) വകുപ്പിന്റെ പരിധിയില്‍ ഇതിനെ പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തേയും 66-എ വകുപ്പ് നേരിട്ട് ബാധിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, വെബ്സൈറ്റുകളെ തടയാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഐ.ടി നിയമത്തിലെ മറ്റ് രണ്ട് വകുപ്പുകള്‍ കോടതി ശരിവെച്ചു.

 

കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതും ആവശ്യങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും രണ്ടാമത്തേത് എത്ര ശല്യകരമാണെങ്കില്‍ പോലും അനുവദനീയമാണെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.  

 

ഇന്റര്‍നെറ്റില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്നാല്‍ വ്യക്തികളെ അറസ്റ്റ് ചെയ്യാനും മൂന്ന്‍ വര്‍ഷം വരെ തടവുശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്നതാണ് ഐ.ടി നിയമത്തിലെ 66-എ വകുപ്പ്. ഈ വകുപ്പില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അവ്യക്തമാണെന്ന് നിരീക്ഷിച്ച കോടതി കുറ്റകരമായത്, ആവര്‍ത്തിക്കുന്നത് എന്നീ വാക്കുകള്‍ കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടി. വകുപ്പ് ദുരുപയോഗം ചെയ്യില്ലെന്ന സര്‍ക്കാറിന്റെ ഉറപ്പുകള്‍ സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

 

ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്നുണ്ടായ ബന്ദിനെ പരാമര്‍ശിച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനും അത് ലൈക് ചെയ്തതിനും മഹാരാഷ്ട്രയിലെ താനെയില്‍ രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ്‌ വിവാദമായിരുന്ന ഈ വകുപ്പ് കോടതിയില്‍ എത്തിയത്. നിയമവിദ്യാര്‍ത്ഥിയായ ശ്രേയ സിന്ഘാല്‍ ആണ് 2012-ല്‍ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ആദ്യ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.      

Tags