ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനേയും ഭര്‍ത്താവ് ജാവേദ് ആനന്ദിനേയും അറസ്റ്റ് ചെയ്യരുതെന്ന് ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീം കോടതി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ച കോടതി എന്നാല്‍, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് കേസില്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി. വിധി പറയുന്നത് വരെ സെതല്‍വാദിനും മറ്റ് ആരോപിതര്‍ക്കും ഇടക്കാല ആശ്വാസം തുടരുമെന്നും കോടതി അറിയിച്ചു.
വാദത്തിനിടെ വ്യക്തിയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താന്‍ മാത്രം പ്രധാനമായ കേസാണോ ഇതെന്ന് ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന പുതിയ ബഞ്ചാണ് കേസ് കേള്‍ക്കുന്നത്.
ഗുജറാത്ത് കലാപകാലത്ത് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ മരിച്ചവര്‍ക്ക് സ്മാരകമായി മ്യൂസിയം ആരംഭിക്കുന്നതിന് ട്രസ്റ്റ് രൂപീകരിച്ച് സംഭാവനയായി സ്വീകരിച്ച പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് സെതല്‍വാദിനെതിരെയുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ ആരോപണം. അതേസമയം, ആരോപണം തെളിയിക്കാന്‍ എന്തെങ്കിലും രേഖ കോടതിയില്‍ ഹാജരാക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് സെതല്‍വാദിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞെങ്കിലും ഇത്തരത്തില്‍ ഒരു രേഖയും ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് കഴിഞ്ഞില്ല.
സെതല്‍വാദിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനകളായ സബ് രംഗ് ട്രസ്റ്റ്, സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്നിവയുടെ സാമ്പത്തിക കണക്കുകള്‍ അന്വേഷണത്തിനായി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണക്കുകള്‍ പരിശോധിക്കുന്ന സമയത്ത് തീസ്തയുടെ അക്കൗണ്ടന്റിനേയും ഗുജറാത്ത് പോലീസിനൊപ്പം അനുവദിക്കണമെന്ന തീസ്തയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദം കോടതി അംഗീകരിച്ചു.
തീസ്തയ്ക്കെതിരെ ഗുജറാത്ത് പോലീസ് രെജിസ്റ്റര്‍ ചെയ്ത ഏഴാമത്തെ കേസാണിതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. നേരത്തെയുള്ള ആറു കേസുകളിലും കോടതിയുടെ സംരക്ഷണത്തിലാണ് സെതല്‍വാദും ഭര്‍ത്താവും അറസ്റ്റ് ഒഴിവാക്കിയതെന്ന് സിബല്‍ പറഞ്ഞു. ഭരണകൂടത്തിനെതിരെ പൊരുതുന്നു എന്നതുകൊണ്ട് അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്ന് സിബല്‍ വാദിച്ചു. ഗുല്‍ബര്‍ഗ ട്രസ്റ്റിന് വേണ്ടി ആകെ 4.60 ലക്ഷം രൂപ മാത്രമാണ് തീസ്ത സമാഹാരിച്ചിട്ടുള്ളത് എന്നിരിക്കെയാണ് കോടികള്‍ തിരിമറി നടത്തിയതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആരോപിക്കുന്നതെന്ന് സിബല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗുജറാത്ത് പോലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജാഫ്രിയുടെ മകന്‍ തന്‍വീര്‍ ജാഫ്രിയും പ്രതിയാണ്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗുജറാത്ത് പോലീസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‍ ഗുജറാത്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരാകരിച്ചതോടെയാണ് തീസ്ത സുപ്രീം കോടതിയെ സമീപിച്ചത്.