അഭൂതപൂര്‍വ്വമായ ഒരു നടപടിയില്‍ കല്‍ക്കട്ട ഹൈക്കോടതിയിലെ ജഡ്ജി സി.എസ് കര്‍ണനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കര്‍ണനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ മാര്‍ച്ച് 31-ന് നേരില്‍ ഹാജരാക്കുന്നതിനാണ് വാറന്റ്. ജാമ്യത്തോടെയാണ് വാറന്റ്.
ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന ആദ്യ സംഭവമാണിത്. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബഞ്ച് ആണ് കോടതിയില്‍ ഹാജരാകാത്ത കര്‍ണ്ണന്റെ നടപടിയില്‍ അതിയായ അമര്‍ഷം രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ ഡി.ജി.പിയ്ക്ക് വാറന്റ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് കര്‍ണന്‍ എഴുതിയ കത്തുകളാണ് കേസിനാസ്പദം. ഇവ അപകീര്‍ത്തിപരവും നീതിന്യായ നിര്‍വഹണത്തെ ഇടിച്ചുകാണിക്കുന്നതുമാണെന്ന് അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗി നിലപാടെടുത്തിരുന്നു. തുടര്‍ന്ന്‍, കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ നേരില്‍ ഹാജരായി ബോധിപ്പിക്കാനും നിയമപരവും ഭരണപരവുമായ ചുമതലകളില്‍ നിന്ന്‍ വിട്ടുനില്‍ക്കാനും ഏഴംഗ സുപ്രീം കോടതി ബെഞ്ച് അദ്ദേഹത്തോട് ഉത്തരവിട്ടിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് കര്‍ണന്‍ വിവാദമായ കത്ത് അയച്ചത്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റിയത്.