Skip to main content

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നത് ഏറ്റവുമുയര്‍ന്ന പരിഗണനയായിരിക്കുമെന്ന വാഗ്ദാനം കേന്ദ്രം ലംഘിച്ചതായി ചീഫ് ജസ്റ്റിസ്‌ കുറ്റപ്പെടുത്തി. ജഡ്ജിമാരെ നിയമിക്കാതെ നീതിന്യായ വ്യവസ്ഥയെ ഇല്ലാതാക്കാനാണോ കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആരാഞ്ഞു.

 

ദേശീയ ജുഡീഷ്യല്‍ നിയമന സമിതി ബില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളുകയും ജഡ്ജിമാരുടെ നിയമനത്തിന് പുതിയ നടപടിക്രമം നിര്‍ദ്ദേശിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തതിന് ശേഷം കഴിഞ്ഞ ഒന്‍പത് മാസങ്ങളില്‍ ഇതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്‌ ചൂണ്ടിക്കാട്ടി. കര്‍ണ്ണാടക ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ ഇല്ലാത്തത് കാരണം ഒരു നില മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. അല്ലഹാബാദ് ഹൈക്കോടതിയില്‍ 18 പേരെ നിയമിക്കാന്‍ സുപ്രീം കോടതി കൊളെജിയം ശുപാര്‍ശ നല്‍കിയെങ്കിലും സര്‍ക്കാര്‍ ആദ്യം ഇതില്‍ എട്ട് പേരെയും ഇപ്പോള്‍ രണ്ടു പേരെയും മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥപാനങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് വ്യക്തിപരമായി കാണരുതെന്നും ചീഫ് ജസ്റ്റിസ്‌ പറഞ്ഞു.

 

നവംബര്‍ 11-ന് അടുത്ത വാദം കേള്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ തീരുമാനം അറിയിക്കണമെന്ന് അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗിയോട് കോടതി ആവശ്യപ്പെട്ടു.

Tags