Skip to main content

വിമര്‍ശനങ്ങളെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് നേരിടുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ജയലളിത തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

 

രാജ്യത്തെ ഒരു സംസ്ഥാനവും ഇത്രയധികം അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്തതായി തോന്നുന്നില്ലെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംസ്ഥാനത്തെ അപകീര്‍ത്തി കേസുകള്‍ പരിശോധിച്ച ജസ്റ്റിസ്‌ ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. അതും സര്‍ക്കാര്‍ സംവിധാനങ്ങളും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിനെതിരെ വരെ കേസെടുത്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

സംസ്ഥാന സര്‍ക്കാറിനും ബന്ധപ്പെട്ട അധികൃതര്‍ക്കും പുതിയ നോട്ടീസ് അയച്ച കോടതി മറുപടി നല്‍കാന്‍ മൂന്നാഴ്ചത്തെ സമയം നല്‍കി. അഞ്ചാഴ്ച കഴിഞ്ഞു കേസ് വീണ്ടും പരിഗണിക്കും.

 

കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് മുഖാന്തിരം 2011 മെയ്‌ 16നും 2016 ജൂലൈ 28നും ഇടയില്‍ മുഖ്യമന്ത്രിയ്ക്കെതിരെയുള്ള പ്രസംഗങ്ങളുടെയും മറ്റും പേരില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ 213 ക്രിമിനല്‍ അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 85 എണ്ണം ഡി.എം.കെയ്ക്കും 48 എണ്ണം ഡി.എം.ഡി.കെയ്ക്കും 55 എണ്ണം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ഏഴെണ്ണം കോണ്‍ഗ്രസിനും അഞ്ചെണ്ണം ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയ്ക്കും എതിരാണ്.    

Tags