ഭവനരഹിതര്‍ക്ക് രാത്രി തങ്ങാനുള്ള അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുടെ യോഗം പത്ത് ദിവസത്തിനകം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടു. വടക്കേ ഇന്ത്യയില്‍ തണുപ്പുകാലം ആരംഭിച്ച സാഹചര്യത്തിലാണ് പൊതു താല്‍പ്പര്യ ഹര്ജിയിന്മേലുള്ള സുപ്രീം കോടതിയുടെ ഇടപെടല്‍.
രാജ്യത്ത് മുഴുവനുമുള്ള ഭവനരഹിതരായ ആളുകള്‍ക്ക് ആവശ്യമായ അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തോട് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു. ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ജസ്റ്റിസ് എ.കെ സിക്രി എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
നേരത്തെ, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാറുകളോട് തണുപ്പുകാലത്തിന് മുന്‍പ് ആവശ്യമായ അഭയകേന്ദ്രങ്ങള്‍ പണിയാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരുവില്‍ കഴിയുന്ന ഭവനരഹിതര്‍ കടുത്ത തണുപ്പില്‍ മരിക്കുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഇ.ആര് കുമാര്‍ നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കൊദതിഉ വാദം കേള്‍ക്കുന്നത്. വാദത്തിനിടെ അഭയകേന്ദ്രത്തിനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വിധിച്ചിരുന്നു.