ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലെ കാലതാമസത്തിന് കേന്ദ്രസര്‍ക്കാറിനേയും ലെഫ്റ്റനന്റ് ഗവര്‍ണറേയും ചൊവ്വാഴ്ച സുപ്രീം കോടതി വിമര്‍ശിച്ചു. ജനായത്ത സംവിധാനത്തില്‍ രാഷ്ട്രപതി ഭരണം അനന്ത കാലത്തേക്ക് തുടരാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ ലെഫ്റ്റ. ഗവര്‍ണര്‍ നജീബ് ജങ് അഞ്ച് മാസം എടുക്കരുതായിരുന്നു എന്ന്‍ കോടതി നിരീക്ഷിച്ചു.
നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനുള്ള ലെഫ്റ്റ. ഗവര്‍ണറുടെ നിര്‍ദ്ദേശം രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചപ്പോഴാണ് നജീബ് ജങ് ഈ തീരുമാനം എത്രയും പെട്ടെന്ന് എടുക്കേണ്ട ഒന്നായിരുന്നു എന്ന് കോടതി പറഞ്ഞത്. ഈ നിര്‍ദ്ദേശത്തെ ഹര്‍ജി നല്‍കിയ ആദ്മി പാര്‍ട്ടി എതിര്‍ത്തിട്ടുണ്ട്.
ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണം എന്ന്‍ ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ രാജിവെച്ചതിന് ശേഷം കഴിഞ്ഞ എട്ടുമാസമായി ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലാണ്.