സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എച്ച്.എല്‍ ദത്തു ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി ഞായറാഴ്ച സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ആയിരുന്ന ആര്.എം ലോധ ശനിയാഴ്ച വിരമിച്ചു. രണ്ട് ചീഫ് ജസ്റ്റിസുമാര്‍ ഈ വര്‍ഷം പദവിയില്‍ നിന്ന് വിരമിക്കുന്നതിന് പിന്നാലെ ചുമതലയേല്‍ക്കുന്ന ദത്തുവിന് 2015 ഡിസംബര്‍ വരെ താരതമ്യേന നീണ്ട കാലാവധി ലഭിക്കും. ലോധയുടെ മുന്‍ഗാമി ആയിരുന്ന പി സദാശിവം കഴിഞ്ഞ ഏപ്രിലില്‍ ആണ് വിരമിച്ചത്.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതി കൊളിജിയം സംവിധാനത്തിന് പകരമായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് സ്ഥാപിച്ച് പാര്‍ലിമെന്റ് ബില്‍ പാസാക്കിയതിന് ശേഷം ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തിയാണ് ദത്തു. പകുതി സംസ്ഥാനങ്ങള്‍ അംഗീകാരം നല്കിയാല് ബില്‍ നിയമമാകും. എന്നാല്‍, കൊളിജിയം സംവിധാനത്തെ ന്യായീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ആര്.എം ലോധ നിയമത്തിനെതിരെയുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. നിയമം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തല്‍ ആണെന്ന അഭിപ്രായമാണ് ലോധ പങ്ക് വെച്ചിട്ടുള്ളത്.
വിരമിച്ചതിന് ശേഷം ഭരണഘടനാ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ലോധ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് പദവിയില്‍ മുന്‍ഗാമി ആയിരുന്ന പി. സദാശിവം കേരളത്തില്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ വിരമിച്ച ശേഷം ഭരണഘടനാ പദവികള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്ന് ലോധ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ദത്തു ലൈംഗിക അതിക്രമം കാണിച്ചുവെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസ് നിയമനം തടയണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു അഭിഭാഷക ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് ഹൈക്കോടതി തള്ളി.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ 2008-ലാണ് എച്ച്.എല്‍ ദത്തു സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 1975-ല്‍ ബംഗലൂരുവില്‍ അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹം 1995-ല്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007-ല്‍ ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ അദ്ദേഹത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം കേരള കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റം ലഭിച്ചു.