Skip to main content
ന്യൂഡല്‍ഹി

supreme court

 

പോലീസ് ഏറ്റുമുട്ടലുകളില്‍ നടക്കുന്ന കൊലപാതകങ്ങള്‍ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. എല്ലാ ഏറ്റുമുട്ടല്‍ മരണങ്ങളിലും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ക്രൈം ബ്രാഞ്ച് പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ സംഭവം അന്വേഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.   

 

സംഭവത്തിന്റെ ആധികാരികത സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ ധീരതാ പുരസ്കാരങ്ങളോ നല്‍കരുതെന്നും ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിര്‍ദ്ദേശിച്ചു.

 

സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും വ്യാജ ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളിയാണെന്ന് കണ്ടാല്‍ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും (എന്‍.എച്ച്.ആര്‍.സി) സന്നദ്ധസംഘടനയായ ജനകീയ പൗരാവകാശ യൂണിയനും (പി.യു.സി.എല്‍) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എന്‍.എച്ച്.ആര്‍.സിയുടേയോ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടേയോ കീഴില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സ്വതന്ത്ര അന്വേഷണ ഏജന്‍സി സ്ഥാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.  

Tags