സുപ്രീം കോടതി ജഡ്ജി എച്ച്.എല്‍ ദത്തുവിനെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നതിനെതിരെ നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും. ദത്തു തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളതായി ആരോപിച്ച് രാജ്യത്തിന്റെ വിദേശ രഹസ്യാന്വേഷണ സംഘടനയായ റായിലെ മുന്‍ വനിതാ ഉദ്യോഗസ്ഥയാണ് ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് ദത്തുവിനെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ രാഷ്ട്രപതിയ്ക്ക് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ആര്.എസ് എന്ഡ്ലാ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് നാളെ (വ്യാഴാഴ്ച) വാദം കേള്‍ക്കും.
പരാതി ബാലിശമാണെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന് പറഞ്ഞു.
2011-ല്‍ നിയമവിദ്യാര്ഥിയായിരിക്കെയാണ് ജസ്റ്റിസ് ദത്തു ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്റെ തൊഴില്‍സ്ഥലം കൂടിയായിരുന്നു സുപ്രീം കോടതിയെന്നും സുപ്രീം കോടതിയുടെ തന്നെ വിശാഖ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് തന്നെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തിയായിരുന്നു ദത്തുവെന്നും ഹര്‍ജിയില്‍ പറയുന്നു. താന്‍ നല്കിയ പരാതികള്‍ എല്ലാം ജസ്റ്റിസ് ദത്തു തള്ളിക്കളഞ്ഞതായും ദത്തുവിനെതിരെ പോലീസിലും ദേശീയ വനിതാ കമ്മീഷനിലും ഡല്‍ഹി വനിതാ കമ്മീഷനിലും പരാതി നല്‍കിയിരുന്നെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.