ചുമത്തിയിരിക്കുന്ന കുറ്റത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലം വിചാരണത്തടവില്‍ കഴിഞ്ഞ എല്ലാവരെയും വിട്ടയക്കാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച രാജ്യത്തെ കീഴ്ക്കോടതികളോട് നിര്‍ദ്ദേശിച്ചു.
കീഴ്ക്കോടതി ന്യായാധിപര്‍ തങ്ങളുടെ പരിധിയിലുള്ള ജയിലുകള്‍ അടുത്ത രണ്ട് മാസത്തേക്ക് ആഴ്ചയില്‍ ഓരോ തവണ സന്ദര്‍ശിച്ച് വിചാരണത്തടവുകാരുടെ സ്ഥിതി പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ ഒന്ന്‍ മുതല്‍ ന്യായാധിപര്‍ ജയില്‍ സന്ദര്‍ശനം തുടങ്ങണമെന്നും രണ്ട് മാസത്തിന് ശേഷം വിട്ടയച്ച തടവുകാരുടെ വിവരം ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ക്രിമിനല്‍ നീതിന്യായ സംവിധാനം വേഗത്തിലാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ ഉള്‍ക്കൊള്ളിച്ച ഒരു മാര്‍ഗ്ഗരേഖ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. നീതിന്യായ മേഖലയ്ക്ക് ബജറ്റില്‍ കാര്യമായ ധനസഹായം ഇല്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ആവശ്യപ്പെട്ടു.