Skip to main content
ന്യൂഡല്‍ഹി

hl dattuസുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എച്ച്.എല്‍ ദത്തു ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌ ആകും. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ ഈ മാസം 27-ന് വിരമിക്കുന്ന ഒഴിവില്‍ ദത്തു സ്ഥാനമേല്‍ക്കും. ദത്തുവിനെ നിയമിക്കുന്നതിനുള്ള ചീഫ് ജസ്റ്റിസ്‌ ലോധ ശുപാര്‍ശ കേന്ദ്രം രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചു.

 

രണ്ട് ചീഫ് ജസ്റ്റിസുമാര്‍ ഈ വര്‍ഷം പദവിയില്‍ നിന്ന്‍ വിരമിക്കുന്നതിന് പിന്നാലെ ചുമതലയേല്‍ക്കുന്ന ദത്തുവിന് 2015 ഡിസംബര്‍ വരെ താരതമ്യേന നീണ്ട കാലാവധി ലഭിക്കും. ലോധയുടെ മുന്‍ഗാമി ആയിരുന്ന പി സദാശിവം കഴിഞ്ഞ ഏപ്രിലില്‍ ആണ് വിരമിച്ചത്.

 

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതി കൊളിജിയം സംവിധാനത്തിന് പകരമായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സ്ഥാപിച്ച് പാര്‍ലിമെന്റ് ബില്‍ പാസാക്കിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ്‌ ദത്തു ചീഫ് ജസ്റ്റിസ്‌ ആയി ചുമതലയേല്‍ക്കുന്നത്. പകുതി സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കിയാല്‍ ബില്‍ നിയമമാകും.  

 

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയിരിക്കെ 2008-ലാണ് എച്ച്.എല്‍ ദത്തു സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 1975-ല്‍ ബംഗലൂരുവില്‍ അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹം 1995-ല്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007-ല്‍ ഛത്തിസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയി നിയമിതനായ അദ്ദേഹത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം കേരള കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയി സ്ഥലംമാറ്റം ലഭിച്ചു.    

Tags