ജയിലുകളില്‍ കഴിയുന്ന വിചാരണത്തടവുകാരുടെ സ്ഥിതി വിലയിരുത്താന്‍ എല്ലാ സംസ്ഥാനങ്ങളിലേയും ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിഷയം ഗൗരവമേറിയതാണെന്നും കേന്ദ്രം ഒരു നിശബ്ദ കാഴ്ചക്കാരിയെപ്പോലെ നില്‍ക്കരുതെന്നും ചീഫ് ജസ്റ്റിസ് ആര്.എം ലോധ, ജസ്റ്റിസുമാരായ കുര്യന് ജോസഫ്, ആര്.എഫ് നരിമാന് എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.
വിചാരണത്തടവുകാരില്‍ 31,000 പേര് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവരടക്കമുള്ള വിചാരണത്തടവുകാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി പറഞ്ഞു.
ആറാഴ്ചയ്ക്കകം യോഗം വിളിക്കാനാണ് നിര്‍ദ്ദേശം. തുടര്‍ന്ന് രണ്ടാഴ്ചക്കകം ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വിചാരണത്തടവുകാരുടെ സ്ഥിതി വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഛത്തിസ്ഗഡ്, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പേരില്‍ ആയിരക്കണക്കിന് ഗോത്രവര്‍ഗ്ഗക്കാര്‍ വിചാരണ കൂടാതെ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകനായ ജിനെന്ദ്ര ജെയിന് നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ പരിമിതികളില്‍ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നീതിന്യായ പ്രക്രിയ തന്നെ ഒരു ശിക്ഷയായി മാറുന്ന രീതിയില്‍ വ്യവസ്ഥ മാറിയതായി ലോധ ചൂണ്ടിക്കാട്ടിയിരുന്നു.