Skip to main content
ന്യൂഡല്‍ഹി

supreme courtക്രിമിനല്‍ കേസ് പ്രതികളായ മന്ത്രിമാരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ക്രിമിനല്‍ കുറ്റങ്ങളില്‍ വിചാരണ നേരിടുന്നവരെ മന്ത്രിമാരായി നിയമിക്കരുതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമാണ് തീരുമാനിക്കേണ്ടത് എന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധയുടെ അദ്ധ്യക്ഷതയില്‍ പരമോന്നത കോടതിയിലെ മുതിര്‍ന്ന അഞ്ചംഗങ്ങള്‍ അടങ്ങിയ ഭരണഘടനാ ബഞ്ചാണ് ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.

 

2004-ല്‍ ലാലു പ്രസാദ് യാദവ് അടക്കം യു.പി.എ സര്‍ക്കാറിലെ നാല് മന്ത്രിമാര്‍ക്ക് എതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹര്‍ജി ആദ്യം തള്ളിയെങ്കിലും പിന്നീട് ഭരണഘടനാ ബഞ്ച് പുന:പരിശോധനയ്ക്കായി പരിഗണിക്കുകയായിരുന്നു.

 

ഒരു വ്യക്തി പാര്‍ലിമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രധാനമന്ത്രി തീരുമാനിക്കുകയാണെങ്കില്‍ മന്ത്രിസഭാംഗമാകുന്നതില്‍ നിന്ന്‍ തടയുന്നത് പാര്‍ലിമെന്റിന്റെ ഭരണഘടനാപരമായ പ്രത്യേക അവകാശത്തിന്റേയും ജനഹിതത്തിന്റേയും ലംഘനമാകുമെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചു.    

 

നരേന്ദ്ര മോദി മന്ത്രിസഭയിലെ 14 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയ്ക്കെതിരെ 13 കേസുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം കൊലപാതകവുമായി ബന്ധപ്പെട്ടതും ആറെണ്ണം കലാപവുമായി ബന്ധപ്പെട്ടതുമാണ്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് ഭീഷണിപ്പെടുത്തല്‍ അടക്കം നാല് കേസുകള്‍ ഉണ്ട്.   

 

മന്ത്രിമാരായ ഉപേന്ദ്ര കുഷ്വാഹ, റാവുസാഹബ് ദാദാറാവു ദാനവേ എന്നിവര്‍ക്കും നാല് കേസുകള്‍ വീതം ഉണ്ട്. മറ്റൊരു മന്ത്രി നിഹാല്‍ചന്ദ് മേഘവാളിന് ബലാല്‍സംഗ കേസില്‍ കോടതി ഈയിടെ സമന്‍സ് അയച്ചിരുന്നു.

 

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി നിയമം കൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.   

Tags