Skip to main content
ന്യൂഡല്‍ഹി

supreme courtസിവില്‍ സര്‍വീസ് പ്രവേശനത്തിനായി യു.പി.എസ്.സി നടത്തുന്ന പ്രാഥമിക പരീക്ഷ നീട്ടിവെക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ശനിയാഴ്ച തള്ളി. ഞായറാഴ്ച (നാളെ)യാണ് ഒന്‍പത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

 

ഹര്‍ജി സമര്‍പ്പിച്ച ഉദ്യോഗാര്‍ഥി പരീക്ഷയില്‍ പ്രശ്നമായി ഉന്നയിച്ചിരിക്കുന്ന ഭാഗങ്ങള്‍ ഇതിനകം നീക്കം ചെയ്തതായും കുഴപ്പം പരിഹരിച്ചതായും ജസ്റ്റിസ്‌ ജഗദീഷ് സിങ്ങ് ഖേദറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ചൂണ്ടിക്കാട്ടി. സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ ഹിന്ദി പശ്ചാത്തലമുള്ള ഉദ്യോഗാര്‍ത്ഥികളോട് വിവേചനം പുലര്‍ത്തുന്നതാണെന്ന് ആരോപിച്ചായിരുനു ഹര്‍ജി.

 

ഈ വിഷയം ഉന്നയിച്ച് കഴിഞ്ഞ മാസം സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ ന്യൂഡല്‍ഹിയില്‍ ശക്തമായ സമരം നടത്തിയിരുന്നു. അഭിരുചി പരീക്ഷ മൊത്തത്തില്‍ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷയിലെ ധാരണ പരിശോധിക്കുന്ന ഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഒഴിവാക്കാമെന്നും ഈ ഭാഗത്തിലെ മാര്‍ക്ക് റാങ്ക് പട്ടിക തയ്യാറാക്കുന്നതില്‍ പരിഗണിക്കില്ലെന്നും യു.പി.എസ്.സി പ്രതിഷേധത്തെ തുടര്‍ന്ന്‍ അറിയിച്ചിരുന്നു.   

Tags