Skip to main content
ന്യൂഡല്‍ഹി

supreme courtലോകസഭയില്‍ പ്രതിപക്ഷ നേതാവിന്റെ പദവി ഒഴിച്ചിട്ടിരിക്കുന്നതില്‍ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പദവിയില്‍ ആരും ഇല്ലാത്ത സാഹചര്യത്തില്‍ ലോക്പാല്‍ അംഗങ്ങളെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യം ഒരു മാസത്തിനകം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പാസാക്കിയ ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ലോക്പാലിന്റെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രതിപക്ഷ നേതാവ് അംഗമാണ്.

 

പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് പദവിയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇത് തള്ളിയിട്ടുണ്ട്. ലോകസഭയുടെ ആകെ അംഗസംഖ്യയുടെ പത്തിലൊന്ന് അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവിനെയാണ് പ്രതിപക്ഷ നേതാവായി അംഗീകരിക്കേണ്ടത് എന്ന സഭാചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി. ഇതനുസരിച്ച് നിലവിലെ സഭയില്‍ പാര്‍ട്ടിയ്ക്ക് കുറഞ്ഞത് 55 അംഗങ്ങളെങ്കിലും വേണം. കോണ്‍ഗ്രസിന് 44 അംഗങ്ങള്‍ മാത്രമേ ഉള്ളൂ. ചട്ടം തെറ്റിച്ച് പ്രതിപക്ഷ നേതാവിനെ നിയമിച്ച കീഴ്വഴക്കമില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മുന്‍പ് സമാനമായ സാഹചര്യം ഉണ്ടായിരുന്ന 1980-ലും 1984-ലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു.   

 

എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയമനം നടത്തുന്ന സമിതിയില്‍ പ്രതിപക്ഷ നേതാവിനെ ഉള്‍പ്പെടുത്തി 1993-ല്‍ നിയമം പാസാക്കിയ ശേഷം ഈ കീഴ്വഴക്കത്തിന് പ്രസക്തിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണാണ് ഇപ്പോള്‍ ലോക്പാല്‍ അംഗങ്ങളെ നിയമിക്കുന്നതില്‍ കാലതാമസം ഉന്നയിക്കുന്ന ഹര്‍ജിയിലൂടെ വിഷയം സുപ്രീം കോടതിയില്‍ കൊണ്ടുവന്നിരിക്കുന്നത്.

 

ഇതോടെ, പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസും സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തിന് വീണ്ടും ജീവന്‍ വെക്കുകയാണ്. എന്നാല്‍, ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനിലെ വിശിഷ്ട അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ ലോകസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് അംഗമായിരിക്കും എന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Tags