Skip to main content
ന്യൂഡല്‍ഹി

supreme court

 

സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലെ  കൊളിജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്ന ബില്ലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. കമ്മീഷന്‍ രൂപീകരിക്കുന്നതിനായി പാര്‍ലിമെന്റ് പാസാക്കിയ 121-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെയുള്ള രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി സ്വീകരിച്ചു.   

 

ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് മുതിര്‍ന്ന അഭിഭാഷകന്‍ ബിശ്വജിത് ഭട്ടാചാര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനും അതിന് ഭരണഘടനാ പദവി നല്‍കുന്ന ഭേദഗതി ബില്ലും ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരുത്തുന്ന നിയമങ്ങള്‍ പാര്‍ലിമെന്റിന് പാസാക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിട്ടുണ്ട്. എന്നാല്‍, അടിസ്ഥാന ഘടന എന്നത് എന്താണെന്ന് കോടതി നിര്‍വ്വചിച്ചിട്ടില്ല. ഓരോ കേസും പ്രത്യേകമായി പരിഗണിച്ചാണ് കോടതി ഇത് തീരുമാനിക്കുന്നത്.

 

ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള പുതിയ സംവിധാനം വ്യവസ്ഥ ചെയ്യുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലും 121-ാം ഭരണഘടനാ ഭേദഗതി ബില്ലും കഴിഞ്ഞ ആഴ്ച പാര്‍ലിമെന്റ് പാസാക്കിയിരുന്നു. 1993 മുതല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരടങ്ങുന്ന കൊളിജിയമാണ് ജഡ്ജിമാരെ നിയമിച്ചിരുന്നത്. ഈ സംവിധാനം അതാര്യമാണെന്നും സര്‍ക്കാറിന് യാതൊരു പങ്കും നല്‍കുന്നില്ലെന്നും വിമര്‍ശനം ശക്തമായതോടെയാണ്‌ പുതിയ സംവിധാനം കൊണ്ടുവരുന്നത്. സമീപകാലത്ത് ഏതാനും ജഡ്ജി നിയമനങ്ങളും അഴിമതി ആരോപണങ്ങളും മൂലം വിവാദമായതും ഈ നീക്കത്തിന് ശക്തി കൂട്ടി. എന്നാല്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ കൊളിജിയം സംവിധാനത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

 

പാര്‍ലിമെന്റ് പാസാക്കിയ ബില്‍ അനുസരിച്ച് സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനവും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടേയും മറ്റ് ജഡ്ജിമാരുടേയും നിയമനവും സ്ഥലംമാറ്റവും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ആറംഗ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനാണ് നടത്തുക. സുപ്രീം കോടതിയിലെ മുതിര്‍ന്ന രണ്ട് ജഡ്ജിമാരും സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും. രണ്ട് വിശിഷ്ട വ്യക്തികളും നിയമമന്ത്രിയുമാണ് മറ്റംഗങ്ങള്‍. കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആകുന്ന നിലവിലെ രീതി തുടരും. രണ്ട് വിശിഷ്ട വ്യക്തികളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌, പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ് (അല്ലെങ്കില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്) എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശിക്കുക.

Tags