കടല്‍ക്കൊലക്കേസിന്‍റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയാണ് ഡല്‍ഹി പാട്യാല കോടതിലെ കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്കോ മറ്റേതെങ്കിലും കോടതിയിലേക്കോ മാറ്റണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി അടുത്തയാഴ്ച പരിഗണിക്കും.
വെടിവയ്പ് നടന്നത് കേരള സമുദ്രാതിര്‍ത്തിയിലാണെന്നും പ്രതികളായ ഇറ്റാലിയന്‍ നാവികരെ അറസ്റ്റു ചെയ്തത് കേരള പോലീസാണെന്നും കേസിലെ സാക്ഷികൾ എല്ലാവരും തന്നെ കേരളത്തിലായതിനാൽ വിചാരണയ്ക്ക് ഡൽഹിയിൽ പോകേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നും ഹർജിയിൽ പറയുന്നു. നേരത്തെ കേസിന്റെ വിചാരണ കൊല്ലത്തെ കോടതിയിലാണ് നടന്നുവന്നത്. എന്നാൽ ഇറ്റാലിയൻ നാവികർ സമർപ്പിച്ച ഹർജി പരിഗണിച്ച് വിചാരണ ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. വിചാരണ ഡൽഹിയിലേക്ക് മാറ്റിയത് പ്രതികളെ സഹായിക്കാനാണെന്നും ആരോപണവമുണ്ട്.
2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എം.ടി എന്റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് സെന്റ് ആന്റണീസ് ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസിലെ ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു. കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർ ഇപ്പോള്‍ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലാണുള്ളത്.