Skip to main content
ന്യൂഡല്‍ഹി

ലൈഗികാരോപണക്കേസില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ ഗാംഗുലിക്കെതിരെ തെളിവുണ്ടെന്ന് സുപ്രീം കോടതി അന്വേഷണ സമിതി. എന്നാല്‍ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രീം കോടതിയുടെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് ജസ്റ്റിസ് പി.സദാശിവം വ്യക്തമാക്കി. സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് ഗാംഗുലി വിരമിച്ചതിനു ശേഷമാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ തുടര്‍നടപടികള്‍ ആവാശ്യമില്ലെന്നു ചീഫ് ജസ്റ്റിസ് സദാശിവം പറഞ്ഞത്.

 

ഗാംഗുലിയുടെ ഗവേഷണ സഹായിയായി പ്രവര്‍ത്തിച്ച യുവഅഭിഭാഷകയുടെ ആരോപണം ശരിവെക്കുന്നതാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മുന്നോട്ട്പോകുമെന്നാണ് സൂചന. സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ജസ്റ്റിസ് ഗാംഗുലി തയ്യാറായില്ല. ഇതിനിടെ പശ്ചിമബംഗാൾ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാംഗുലിയെ പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.  

 

നവംബര്‍ ഒമ്പതിനാണ് നിയമ വിദ്യാര്‍ഥി തന്റെ ബ്ളോഗില്‍ ജഡ്ജി തന്നെ പീഡിപിക്കാൻ ശ്രമിച്ച കാര്യം വെളിപ്പെടുത്തിയത്. തുടർന്നാണ് സുപ്രീംകോടതി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. നിയമവിദ്യാർത്ഥിനിയുടെയും ജസ്റ്റിസ് ഗാംഗുലിയുടെയും മൊഴി രേഖപ്പെടുത്തിയ സമിതി കഴിഞ്ഞമാസം 28നാണ് ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചത്.

Tags