Skip to main content
ന്യൂഡല്‍ഹി

സി.ബി.ഐക്ക് സ്വയം ഭരണം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സി.ബി.ഐ സര്‍ക്കാരിന് കീഴിലാണെന്നും അതുകൊണ്ട് തന്നെ സ്വയംഭരണം നല്‍കിയാല്‍ അത് ഭരണ പ്രതിസന്ധിക്ക് കാരണമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സി.ബി.ഐ ഡയറക്ടര്‍ക്ക് കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

 

സി.ബി.ഐക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്നും അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജിക്കുള്ള മറുപടിയായാണ്‌ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി.ബി.ഐ ഡയറക്ടറുടെ പദവി കേന്ദ്രസെക്രട്ടറിയ്ക്ക് തുല്യമാക്കണമെന്ന് സി.ബി.ഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയത്.

 

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനകാര്യമന്ത്രി പി.ചിദംബരവും സി.ബി.ഐയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. നേരത്തെ കല്‍ക്കരി കേസ് അന്വേഷണത്തില്‍ കാലതാമസം നേരിട്ടതിന് സി.ബി.ഐയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സി.ബി.ഐ സ്വയംഭരണാവകാശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ തങ്ങളുടെ അധികാരങ്ങള്‍ പരിമിതമാണെന്ന് സി.ബി.ഐ കോതിയെ അറിയിച്ചിരുന്നു.

Tags