നിയമ വിദ്യാര്‍ഥിയെ ജഡ്ജി പീഡിപ്പിച്ചെന്ന ആരോപണം സുപ്രീംകോടതി ജഡ്ജിമാരുടെ സമിതി അന്വേഷിക്കും. ജസ്റ്റിസുമാരായ ആര്.എം. ലോധ, എച്ച്.എല്‍. ദത്തു, രഞ്ജന ദേശായി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷിക്കുക. 2012 ഡിസംബറില്‍ പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ് ചെയ്യവേയാണ് തന്നെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ബ്ളോഗിലൂടെ വെളിപ്പെടുത്തിയത്. ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ സമയത്താണ് തനിക്കെതിരെയും ആക്രമണമുണ്ടായതെന്നും പെണ്‍കുട്ടി ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. നവംബര്‍ ആറിന് ബ്ലോഗിലൂടെയാണ് പെണ്‍കുട്ടി ആദ്യം ആരോപണം പുറത്തുവിട്ടത്.
ജഡ്ജിക്കെതിരെ തനിക്ക് പരാതിയില്ല. എന്നാല്‍ സുപ്രീംകോടതിയുമായി ബന്ധമുള്ള സുന്ദരികളായ യുവതികള്‍ക്ക് മുന്നറിയിപ്പ് നല്കാന് മാത്രമാണ് താന്‍ ഉദ്ദേശിക്കുന്നത്. ജഡ്ജിയെ അപമാനിക്കാനും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷക എഴുതിയിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ആരോപണത്തെ നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ഭരണഘടനാ തലവനെന്ന നിലയില്‍ ആരോപണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. അതിനാലാണ് ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതിയാണ് ആരോപണം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന് ചീഫ് ജസ്റ്റീസ് നിര്‍ദേശിക്കുകയായിരുന്നു.