ന്യൂഡല്‍ഹി
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് എംപി റഷീദ് മസൂദിന് രാജ്യസഭാംഗത്വം നഷ്‌ടമായി. രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിയാണ് മസൂദിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഉടൻ അയോഗ്യനാക്കപ്പെടുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
1990-91-ല്‍ മസൂദ് കേന്ദ്ര ആരോഗ്യ സഹമന്ത്രിയായിരിക്കെയാണ് മെഡിക്കല്‍ പ്രവേശന അഴിമതി നടത്തിയത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ക്രമക്കേട് എന്നീ കുറ്റങ്ങള്‍ ചുമത്തി 2013 ഒക്ടോബര്‍ 1-ന് സി.ബി.ഐ കോടതി നാലുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുറ്റവാളികളായ ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ആദ്യ പാര്‍ലമെന്റ് അംഗമാണ് മസൂദ്.
ശിക്ഷാകാലാവധി കഴിഞ്ഞാലും ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.