ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കലാപബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. എങ്കിലും മുസാഫര്‍ നഗര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞ പിന്‍വലിച്ചു. സംഘര്‍ഷബാധിത പ്രദേശത്തെ മൂന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 മുതലാണ് നിരോധനാജ്ഞ പിന്‍വലിച്ചതെന്ന് ജില്ലാകളക്റ്റര്‍ കൌശാല്‍ രാജ് ശര്‍മ അറിയിച്ചു. അതിനിടെ, ജില്ലയിലെ കോട്‌വാലി, നയി മാന്‍ഡിശ മേഖലയില്‍ അല്‍പ്പസമയം നിരോധനാജ്ഞയില്‍ ഇളവ് വരുത്തി.
മുസഫര്‍ നഗറില്‍ സംഘര്‍ഷം കുറവാണെങ്കിലും ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ചൊവ്വാഴ്ചയും സംഘര്‍ഷമുണ്ടായി. തിങ്കളാഴ്ച 366 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ആളുകളാണ് പലായനം ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ പലരുടെയും സംസ്കാരം പോലും നടക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പട്ടാളവും ആര്‍.പി.എഫും ഗ്രാമങ്ങളിലും മറ്റുമായി കാവലുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. റിട്ടയേര്‍ഡ് ജസ്റ്റിസ് വിഷ്ണു സഹായ്ക്കാണ് അന്വേഷണ ചുമതല. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവികാസങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുഖ്യമന്ത്രി അഖിലേഷ് സിങ്ങ് യാദവുമായി സംസാരിച്ചു. കലാപം നേരിടുന്നതിനാവശ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.