ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിധി പറയുന്നത് ജുവനൈല്‍ കോടതി ജൂലൈ 25ലേക്ക് മാറ്റി. ദല്‍ഹിയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെതാണ് തീരുമാനം. നേരത്തെ തന്നെ വിചാരണ നടപടികള്‍ പൂരത്തിയായ കേസില്‍ വിധി ഇന്നുണ്ടാവുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആറു പേരില്‍ ഒരാളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി. സംഭവം നടക്കുന്ന സമയത്ത് 17 വയസ്സായിരുന്നു പ്രതിക്ക് എന്നാല്‍ കഴിഞ്ഞ മാസം 18 വയസ്സ് തികഞ്ഞ ഇയാള്‍ക്ക് പരമാവധി ശിക്ഷയായ ജുവനൈല്‍ ജയിലിലെ മൂന്നു വര്‍ഷം തടവായിരിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പികുന്നത്.
അതേ സമയം ആറു പ്രതികളില്‍ ഏറ്റവും ക്രൂരമായി പെണ്‍കുട്ടിയോട് പെരുമാറിയത് പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണെന്നു പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതി ശിക്ഷ വിധിക്കുക.
കേസില്‍ പ്രതിയാക്കപ്പെട്ട ആറുപേരില്‍ ഒന്നാം പ്രതി രാം സിംഗ് തീഹാര്‍ ജയിലില്‍ വച്ച് തൂങ്ങി മരിച്ചിരുന്നു. മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
ഡിസംബര്‍ 16 നു ഡല്‍ഹിയില്‍ ബസ്സില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായത്. പിന്നീട് നടന്ന തുടര്ചികില്സയില്‍ ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആസ്പത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരണപ്പെട്ടത്.