Skip to main content

ന്യൂഡല്‍ഹി:  അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ബാലികയുടെ വീടിന് തൊട്ടടുത്ത്‌ വാടകയ്ക്ക് താമസിച്ചിരുന്ന മനോജ്‌ കുമാര്‍ (25) ആണ് ബീഹാറില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്.

 

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലികയെ ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്തരിക അവയങ്ങളില്‍ അണുബാധയേറ്റ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.

 

സംഭവം ഡല്‍ഹിയില്‍ വന്‍ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, കുട്ടിയെ നേരത്തെ ചികിത്സിച്ചിരുന്ന സ്വാമി ദയാനന്ദ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയുടെ കരണത്തടിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ സസ്പെന്ഡ് ചെയ്തു. പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞിരുന്നു.

 

ഞായറാഴ്ചയാണ് കിഴക്കന്‍ ദില്ലിയിലെ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. ബുധനാഴ്ച താഴത്തെ നിലയിലുള്ള മനോജ്‌ കുമാറിന്റെ വീട്ടില്‍ നിന്ന്‍ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ്‌ കുട്ടിയെ കണ്ടെത്തിയത്. സംഭവം പരസ്യമാക്കരുതെന്നും പകരം 2000 രൂപ നല്‍കാമെന്നും പോലീസ് പറഞ്ഞതായി ബാലികയുടെ അഛന്‍ ആരോപിച്ചു.