Skip to main content

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ തത്വത്തില്‍ തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍. ഇത് നടപ്പില്‍ വരുത്തുന്നതിന് ഏതാനും നിയമഭേദഗതികള്‍ ആവശ്യമാണെന്നും നിയമമന്ത്രാലയം ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍ നരസിംഹ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

 

തുടര്‍നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീയാക്കാന്‍ ചീഫ് ജസ്റ്റിസ്‌ എച്ച്.എല്‍ ദത്തു, എ.കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എട്ടാഴ്ചയ്ക്ക് ശേഷം പൊതുതാല്‍പ്പര്യ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ച കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് ഇ-ബാലറ്റ് മുഖേനയോ പകരം പ്രതിനിധി വഴിയോ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കഴിഞ്ഞ നവംബര്‍ 14-ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.  

 

വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യാക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അതത് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ എത്തേണ്ട നിലവിലെ സ്ഥിതി വിവേചനപരവും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രവാസി മലയാളി ഷംസീര്‍ വയലില്‍ അടക്കമുള്ളവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശങ്ങളില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയാല്‍ ഒരു കോടിയിലധികം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ഏഷ്യയിലെ 20 രാഷ്ട്രങ്ങള്‍ അടക്കം 114 രാഷ്ട്രങ്ങള്‍ ഇത്തരം വോട്ടെടുപ്പ് നടത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags