ജ്യേഷ്ഠനെ ശരിയാക്കാൻ ശ്രമിക്കുന്ന അനുജൻ

ഗ്ലിന്റ് ഗുരു
Thu, 06-06-2019 11:50:31 AM ;

അനുജനും ജേഷ്ഠനും. രണ്ടുപേരും ഒരേ സ്വഭാവമുള്ള തൊഴിൽമേഖലയിൽ. അനുജൻ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ മാനേജർ.  ജേഷ്ഠൻ സ്വന്തം നിലയിൽ അക്കൗണ്ടൻറ്. രണ്ടുപേരും എം കോം ബിരുദധാരികളും ."പുള്ളിക്കാരൻ ഒന്നും സ്വന്തമായിട്ട് ചെയ്യില്ല .ആവശ്യമില്ലാതെ അങ്ങ് പേടിയാണ്. എൻറെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ നിന്ന് എന്നെ അള്ളിപ്പിടിച്ചിരിക്കും.ഒട്ടും സ്പീഡ് എടുക്കാൻ അനുവദിക്കില്ല. പിന്നെ ഇടയ്ക്കിടയ്ക്ക് വിളിച്ചുകൊണ്ടിരിക്കും. അക്കൗണ്ടിംഗിൽ സംശയം തീർക്കാൻ. കഴിഞ്ഞ ദിവസം  ഞാൻ പറഞ്ഞു, ഇനി എന്നെ ഇങ്ങനെ ആവശ്യമില്ലാതെ വിളിക്കരുത് .ഗൂഗിൾ നോക്കിയാൽ വളരെ ഈസി ആയിട്ട് കിട്ടാവുന്നതേയുള്ളൂ. അമ്മ കൊഞ്ചിച്ച് വഷളാക്കിയതാ. ഇപ്പോഴും അമ്മയുടെ അടുത്ത് വളരെ ഡിപെൻഡന്റ് ആണ് .അതാ അയാൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ വരുന്നത് " ജേഷ്ഠൻറെ കാര്യത്തിൽ അനുജന് നല്ല വിഷമമുണ്ട്. ജേഷ്ഠൻറെ സ്വഭാവത്തിൽ ഗുണകരമായ മാറ്റം ഉണ്ടാകും എന്ന് കരുതിയാണ് തന്നെ അക്കൗണ്ട് സംബന്ധമായ നിസ്സാരകാര്യങ്ങൾക്ക് എപ്പോഴും വിളിക്കരുതെന്ന് ജേഷ്ഠനെ വിലക്കിയത്. അതിലൂടെ അനുജൻ കരുതുന്നത് ഗൂഗിൾ നോക്കി സ്വയം സംശയങ്ങൾ തീർക്കാൻ ജേഷ്ഠൻ പ്രാപ്തനാകും എന്നും അതിലൂടെ മാറ്റം സംഭവിക്കും എന്നു മാണ്. അമ്മമാരുടെ അടുത്ത് ഇത്രയ്ക്കങ്ങ് അടക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഉള്ള ഒരു തത്വവും ഈ അനുജൻ വികസിപ്പിച്ചിട്ടുണ്ട് .താനും ജേഷ്ഠനെ പോലെ ആയി പോകുമോ എന്നുള്ള ഭീതിയിൽ നിന്നാകാം അനുജൻ ഈ തത്വത്തെ വികസിപ്പിച്ചിട്ടുള്ളത്.

ജേഷ്ഠന്റെ മുൻപിൽ  താനൊരു ശരിയും വിജയിയുമാണെന്ന് അനുജൻ കരുതുന്നു. ജ്യേഷ്ടനം അതേപോലെ വിശ്വസിക്കുന്നു. ഒന്നും ശരിയാവില്ല ശരിയാകില്ല എന്ന് വിലപിക്കുകയാണ് തൻറെ ജേഷ്ഠന്റെ സ്വഭാവം എന്നും അനുജൻ പറയുന്നു. അതേസമയം എന്തെങ്കിലും ആയിത്തീരാൻ ജേഷ്ഠൻ അതി കഠിനമായി അധ്വാനിക്കുന്നു ണ്ടെന്നും അനുജൻ സൂചിപ്പിക്കുന്നു.

        ജേഷ്ഠന് അനുജനിൽ  ഉള്ളത് ആശ്രയത്വമാണ് .ഒരുപക്ഷേ തൻറെ അമ്മ കഴിഞ്ഞാൽ അയാളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ  തന്നെ മനസ്സിലാക്കുന്നയാൾ എന്ന ബോധ്യം  അനുജനാണെന്ന്  ജേഷ്ഠൻ കരുതുന്നു. അയാൾ അനുഭവിക്കുന്ന ഒരു നീറ്റൽ ഉണ്ട്. അതിനെക്കുറിച്ച് അനുജന് അറിയില്ല .ഒരു വലിയ ഗർത്തം തൻറെ ഉള്ളിൽ ഉള്ളതുപോലുള്ള അനുഭവം ആയിരിക്കാം ജേഷ്ഠൻ കടന്നുപോകുന്നത് .ആഴം അളക്കാൻ പറ്റാത്ത ഒരു ഗർത്തത്തിലേക്ക് വീഴുന്ന വീഴാൻ പോകുന്നതിന് ആഘാതം അനുഭവിക്കുന്നവർക്ക് അതറിയാൻ കഴിയുകയുള്ളൂ .ഓരോ തവണ ജ്യേഷ്ഠൻ അനുജനെ വിളിക്കുന്നതും ഈ വീഴ്ചയിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെട്ടെന്ന  ഉറപ്പുവരുത്താനാണ്. പക്ഷേ അതിനുള്ള ഉപാധിയായി ആയിരിക്കും അയാൾ അനുജനോട് സംശയം ചോദിക്കുന്നത്. ഉപാധിയാണെന്ന് അയാൾ പോലും അറിയുന്നുണ്ടാവില്ല.  അക്കൗണ്ടിംഗ് ജോലികളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു ചെറു തടസം മാറ്റാനാണ് പ്രത്യക്ഷത്തിൽ അയാൾ  വിളിക്കുന്നത്. നിസ്സാരമായ തടസ്സം പോലും അല്ലെങ്കിൽ ലളിതമായ ഒരു വിഘനം നിമിത്തം പോലും താൻ പരാജയപ്പെട്ടു പോകുമോ എന്ന ഭീതി അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഒരു വ്യക്തിയിൽ ഭീതി ഉണരുമ്പോൾ അത് അനേകായിരം ചിന്തകളെ മനസ്സിൽ നിറയ്ക്കുന്നു. ഓരോ ചിന്തകളും പേടിയുടെ മുള്ളുകളും ആയാണ് രംഗപ്രവേശം ചെയ്യുന്നത് .ആ  മുള്ളുകൾ ഏൽപ്പിക്കുന്ന മുറിവുകളും  നോവലുകളും അതേ പോലെ തന്നെയുള്ള  അനേകം ചിന്തകളെ ജനിപ്പിക്കുന്നു .ചിന്തകളുടെ ആധിക്യം മൂലം ഉണ്ടാകുന്ന സംഘട്ടനത്തിൽ എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ള വ്യക്തത ഇയാൾക്ക് നഷ്ടമാകുന്നു .താൻ വീണ്ടും ആ പടുകുഴിയിലേക്ക് അല്ലെങ്കിൽ വീഴും അല്ലെങ്കിൽ പരാജിതനാകും എന്ന തോന്നൽ വരുമ്പോഴാണ് അനുജനെ വിളിക്കുന്നത് .

അങ്ങനെ സംഭവിക്കാതെ ആശ്വാസം കണ്ടെത്തുക എന്നത് തന്നെയാണ് അയാളുടെ വിളിയുടെ ലക്ഷ്യം. ആശ്വാസത്തിനായി പിടിക്കുന്ന കൈ കുടഞ്ഞ് കളയുമ്പോൾ  ആ വ്യക്തി അനുഭവിക്കുന്ന വീഴ്ചയും ആഘാതവും നിരാശ്രയത്വവും ഓർക്കാവുന്നതാണ്. അനുജൻ ആയാലും ജേഷ്ഠൻ ആയാലും അഥവാ ബന്ധുത്വം ഇല്ലാത്ത ആളായാലും ആശ്വാസത്തിനു വേണ്ടി ആശ്രയിക്കുമ്പോൾ അവരെ ഒരു കാരണവശാലും വിഷമിപ്പിക്കാൻ പാടുള്ളതല്ല. തൻറെ ജേഷ്ഠൻ അങ്ങനെ വിളിക്കുമ്പോൾ സ്നേഹപൂർവ്വം അനുജനു സംസാരിക്കാം.ഗൂഗിൾ നോക്കിയാൽ കിട്ടുന്ന ഉദാഹരണമാണ് അതെങ്കിൽ അത് നേരിട്ട് അയാളോട് പറയാതെ എന്നാൽ സ്വാഭാവികമായി അയാൾക്ക് പിന്നീട് ചെയ്യാവുന്ന വിധം അയാളെ ധരിപ്പിക്കാവുന്നതേയുള്ളു. അങ്ങിനെയെങ്കിൽ ഭാവിയിലുള്ള സമാന സന്ദർഭങ്ങളിൽ അയാൾ അനുജനെ  ഓർക്കുന്ന സമയം തന്നെ അയാളിൽ ആശ്വാസം അറിയാതെ എത്തും. തൻറെ അനുജൻ എപ്പോഴും അവിടെ ഉണ്ടാകും എന്നുള്ളത് അയാൾക്ക് ഉറപ്പുണ്ടാകും. ഈ ഉറപ്പ് നഷ്ടപ്പെടുന്നത് കൊണ്ടാണ് ജേഷ്ഠന് വീണ്ടും അത് ഉറപ്പിക്കാൻ വേണ്ടി അയാൾ പോലുമറിയാതെ ഇങ്ങനെ വിളിക്കുന്നത്. തൻറെ ചേട്ടനുമായി സ്നേഹത്തിൽ സംസാരിക്കുന്നതിനിടയ്ക്ക്  ഫോണിൽ തുടരാൻ പറഞ്ഞ് സംശയം തനിക്കും വലിയ പിടിയില്ല ഞാനൊന്നു ഗൂഗിൾ നോക്കട്ടെ എന്നു പറഞ്ഞ് ഗൂഗിൾ നോക്കി പറഞ്ഞു കൊടുക്കുമ്പോൾ അത് അറിയാതെ തന്നെ അയാളിൽ അറിവായി പ്രവേശിക്കും .

തൻറെ അനുജന് അനുജന് തന്നോടുള്ള സ്നേഹവും കരുതലും അയാൾക്ക് കൂടുതൽ ബോധ്യമാകും.  എങ്ങനെയാണ് ചിന്തകളെ ഓർഗനൈസ് അഥവാ അടുക്കേണ്ടതെന്നും അയാൾക്ക് മനസ്സിലാകും. ഒരു ഭാഗത്ത് അയാളുടെ കഴിവ് വർദ്ധിക്കുകയും ചിന്തയിലെ വ്യക്തത കൈവരികയും ചെയ്യും .ഒപ്പം തന്റെ അനുജൻ എപ്പോഴും സഹായത്തിനായി ഉണ്ടെന്ന ബോധ്യവും ഉറയ്ക്കും.അത് ലഭ്യമാക്കുന്ന ആത്മവിശ്വാസം ജേഷ്ഠൻ റ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനു സഹായകരമാകും. ഇപ്പോഴത്തെ അവസ്ഥയിൽ അനുജൻ അറിയുന്നില്ല താൻ തന്റെ ജ്യേഷ്ഠനോട് ദ്രോഹമാണ് ചെയ്യുന്നതെന്ന്. സ്വീകരിക്കപ്പെടാനായി വിളിക്കുന്ന ജേഷ്ഠനെ അനുജൻ ഇപ്പോൾ തിരസ്കരിക്കുകയാണ്. അത് ഇപ്പോൾ തന്നെ അസുരക്ഷിതത്വബോധത്തിൽ ഉഴലുന്ന ജേഷ്ഠനെ കടുതൽ സ്വഭാവ വൈകല്യമുള്ള വ്യക്തി ആക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളു.

 
 

 

Tags: