ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യുതി നിയന്ത്രണത്തിനുള്ള സാധ്യത കുറഞ്ഞു

GLINT STAFF
Sun, 21-07-2019 12:32:03 PM ;
തിരുവനന്തപുരം

RAIN മഴ ശക്തമായതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. 608 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെളളം ഇപ്പോള്‍ സംസ്ഥാനത്തെ ഡാമുകളിലുണ്ട്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണത്തിനുള്ള സാധ്യത കുറഞ്ഞു.

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലായിരുന്നു കെ.എസ്.ഇ.ബി. ഈ മാസം മുപ്പതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും 15ന് ചേര്‍ന്ന് കെ.എസ്.ഇ.ബി ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഈ മാസം ആദ്യ 432 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെളളം മാത്രമേ സംസ്ഥാനത്തെ ഡാമുകളില്‍ ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാക്കി. ഇന്നലത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ ഡാമുകളില്‍ ആകെ 608 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലമുണ്ട്. ഇത് സംഭരണ ശേഷിയുടെ 15 ശതമാനമാണ്.

ഇടുക്കിയില്‍ 324 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുളള വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജലനിരപ്പിനേക്കാള്‍ കുറവാണെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിലൂടെ കൂടുതല്‍ ജലം ഡാമുകളില്‍ ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍.