വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും കനത്തമഴ, മരണം 170 കടന്നു

GLINT STAFF
Sun, 21-07-2019 12:19:54 PM ;
DELHI

FLOOD IN NORTHERN INDIA വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും പ്രളയ ദുരിതം തുടരുന്നു. മരണസംഖ്യ 170 കടന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നുണ്ട്. ബീഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള പ്രളയബാധിത മേഖലകളില്‍ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.

വരുന്ന മൂന്നു ദിവസത്തേക്ക് ശക്തമായ മഴ ഉണ്ടാകാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബീഹാറില്‍ മരണസംഖ്യ നൂറായി. കഴിഞ്ഞ 24 മണിക്കൂറില്‍ 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 180 കോടി രൂപ ദുരിതബാധിതര്‍ക്കായി വിതരണം ചെയ്തു.

അസമില്‍ മരണസംഖ്യ എഴുപതോട് അടുത്തു. ദുബ്രി ജില്ലയിലാണ് മരണം ഏറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1.79 ലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് പ്രാഥമിക കണക്ക്. കസിരംഗ ദേശീയ പാര്‍ക്കും പൊബി തോറ വന്യജീവിസങ്കേതവും വെള്ളത്തിനടിയില്‍ തന്നെയാണ്. ജീവനോടെ ശേഷിക്കുന്ന മൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

വെള്ളം താഴുമ്പോള്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.