അക്രമവാസനയുള്ള കണ്ണൂര്‍ യുവാക്കളെ, യുവതികള്‍ കൂട്ടമായി തിരസ്‌കരിക്കണം

GLINT STAFF
Mon, 20-05-2019 01:53:06 PM ;

.

kannur,violence കണ്ണൂര്‍ ഇന്ന് കേരളത്തിന്റെ ഉണങ്ങാത്ത മുറിവായിരിക്കുന്നു. അതിനിയും ഉണങ്ങാന്‍ വൈകിക്കൂട .രാഷ്ട്രീയത്തിന്റെ പേരില്‍ അജ്ഞതയുടെ ഭ്രാന്തിളകിയ ആണുങ്ങള്‍ കാട്ടിക്കൂട്ടുന്ന ഭീരുത്വത്തിന്റെ പ്രകടനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും വെട്ടും കുത്തും ബോംബേറും എല്ലാം .അത് അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു .ചോര ഏറെ ഒഴുകിയിട്ടും അത് മനംമാറ്റത്തിന് കാരണമാകാതെ ആവേശമായി മാറിക്കൊണ്ടിരിക്കുന്നു . കണ്ണൂരിലെ ആണുങ്ങളുടെ ഈ ഭ്രാന്തിന് പരിഹാരം അവിടെത്തന്നെ കാണേണ്ടിയിരിക്കുന്നു ' അതിന് അവിടുത്തെ യുവതികള്‍ മുന്നോട്ടുവരണം.

അക്രമത്തിലും മറ്റു കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്ന കണ്ണൂര്‍ക്കാര്‍ യുവാക്കളെ വിവാഹം കഴിക്കില്ല എന്ന് തീരുമാനിക്കണം. പ്രണയത്തില്‍ പോലും ഏര്‍പ്പെടില്ല എന്ന് പ്രഖ്യാപിക്കണം. ഇത്തരം ഭീരുക്കളെ കണ്ണൂരിലെ യുവതികള്‍ തിരസ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .ഭീരുക്കളെ ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചാല്‍ ജീവിതം ദുരിതപൂര്‍ണ്ണമാകുമെന്ന് യുവതികള്‍ തിരിച്ചറിയണം.കുഞ്ഞു കുട്ടികള്‍ വളരേണ്ടത്  അച്ഛനമ്മമാരുടെ ലാളനയേറ്റാണ് . എന്നാല്‍ ഇന്ന് കണ്ണൂരില്‍ അച്ഛന്‍ നഷ്ടപ്പെട്ടും അച്ഛന്‍ ജയിലിലായതിനെ തുടര്‍ന്നും  കരുതലും വാത്സല്യവും കരുതലും സംരക്ഷണവും വേണ്ട വിധം വിദ്യാഭ്യാസവും  കിട്ടാതെ വളരുന്ന ഒരു വലിയ സമൂഹം ഇന്ന് കണ്ണൂരിലുണ്ട്. അതിന്റെ പ്രത്യാഘാതം ഒരു തലമുറയില്‍ മാത്രമല്ല അവശേഷിക്കുന്നത്.

തലമുറകളോളം അതിന്റെ ആഘാതം തുടരുന്നു. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെടുന്ന ഭാര്യമാരുടെയും മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാരുടെയും അവസ്ഥ പ്രത്യേകം പറയേണ്ടതില്ല .ഇത്തരത്തില്‍ ഒരു സമൂഹം വളര്‍ന്നുവരുന്നത് കണ്ണൂരില്‍ മാത്രമല്ല ഏതു സമൂഹത്തിലും അപകടകരമാണ് .അതിന് അതിന് അറുതിവരുത്തുവാന്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങളിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിക്കും കഴിയില്ല .അവര്‍ അതിനു തുനിക്കുകയുമില്ല.അതിനാല്‍ രാഷ്ട്രീയമായ ഒരു പരിഹാരത്തിലൂടെ കണ്ണൂരിലെ ഭ്രാന്ത് അവസാനിക്കില്ല എന്ന് വ്യക്തം. അവിടെയാണ് അവിവാഹിതകളായ യുവതികള്‍ സുദൃഢമായ ഒരു തീരുമാനം എടുത്ത് മുന്നോട്ട് വരേണ്ടത്. പറ്റുമെങ്കില്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ കലാലയങ്ങളില്‍ നിന്നോ അതല്ലെങ്കില്‍ അല്ലാതയോ യുവതികളുടെ തന്നെ നേതൃത്വത്തിലൂടെ ഒരു കൂട്ടായ്മ എന്നോണം ഒരു പ്രഖ്യാപനം നടത്തുന്ന പക്ഷം അത് കണ്ണൂര്‍ യുവതികളുടെ ഭാഗത്തുനിന്നുള്ള ഒരു രാഷ്ട്രീയ പരിഹാര വഴി കൂടിയായി അത് മാറും.

 

 

Tags: